നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി ബോഷര്‍ പൈ

പേരിന്റെ ശക്തി

മുംബൈയിലെ തെരുവിൽ കഴിയുന്ന കുറെ കുട്ടികളുടെ പേര് ചേർത്ത് രഞ്ജിത്ത് ഒരു പാട്ട് ഉണ്ടാക്കി. ഓരോ പേരിനും വ്യത്യസ്തമായ സംഗീതം നല്കി അതിന്റെ ട്യൂൺ അവരെ പഠിപ്പിച്ചു, അവരുടെ പേരിനെക്കുറിച്ച് അവർക്ക് ശുഭകരമായ ഒരു ഓർമ്മ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്നേഹപൂർവ്വമായ വിളി അന്യമായിരുന്ന ആ കുഞ്ഞുങ്ങൾക്ക് അദ്ദേഹം ഒരു ആദരം അർപ്പിക്കുകയായിരുന്നു.

ബൈബിളിൽ പേരുകൾക്ക് പ്രാധാന്യം കല്പിച്ചിട്ടുണ്ട്. പലപ്പോഴും അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പുതുതായി ലഭിച്ച ദൗത്യത്തെയോ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, അബ്രാമിന്റെയും സാറായിയുടെയും പേരുകൾ ദൈവം മാറ്റി: ദൈവം അവരുടെ ദൈവവും അവർ ദൈവത്തിന്റെ ജനവുമായിരിക്കും എന്ന് അവരുമായി ഒരു സ്നേഹത്തിന്റെ ഉടമ്പടി ചെയ്തപ്പോഴാണ് ഈ പേരുകൾ മാറ്റിയത്. "ശ്രേഷ്ഠനായ പിതാവ്" എന്നർത്ഥമുള്ള അബ്രാം എന്നത്, " ബഹു ജാതികൾക്ക് പിതാവ്" എന്നർത്ഥമുള്ള അബ്രാഹാം എന്നാക്കി; " രാജകുമാരി " എന്നർത്ഥമുളള സാറായി എന്നത് "അനേകർക്ക് രാജകുമാരി" എന്നർത്ഥമുള്ള സാറാ എന്നാക്കി (ഉല്പത്തി 17:5, 15).

ദൈവം നല്കിയ ഈ പേരുകളിൽ അവർ ഇനി സന്തതിയില്ലാത്തവരായിരിക്കില്ല എന്ന വാഗ്ദത്തം കൂടി ഉണ്ടായിരുന്നു. സാറാ ഇസഹാക്കിനെ പ്രസവിച്ചപ്പോൾ അവർ അത്യാഹ്ലാദം മൂലം "അവൻ ചിരിക്കുന്നു" എന്നർത്ഥത്തിൽ ഇസഹാക്ക് എന്ന് പേരിട്ടു. സാറാ പറഞ്ഞു: "ദൈവം എനിക്ക് ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും " (ഉല്പത്തി 21:6).

നാം ആളുകളെ പേര് ചൊല്ലി വിളിക്കുമ്പോൾ നാം അവരെ ബഹുമാനിക്കുകയും അവർ ആരായിരിക്കേണം എന്ന് ദൈവം ഉദ്ദേശിക്കുന്ന കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ പ്രത്യേക ഗുണങ്ങളെ സൂചിപ്പിക്കുന്ന ഒരു ചെല്ലപ്പേര് പോലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയെ ആ ഉദ്ദേശ്യത്തിൽ ഉറപ്പിക്കുന്നു.

എനിക്ക് സ്വന്തമായ ഇടം

സഭയിലെ ഒരു കൃതജ്ഞതാ സമ്മേളനത്തിനൊടുവിൽ എല്ലാവരും അവരുടെ ആനന്ദവും ഐക്യവും പ്രകടിപ്പിക്കാനായി വട്ടത്തിൽ നിന്ന് നൃത്തച്ചുവടുകൾ വെച്ചു. ബാരി ഒരു വലിയ പുഞ്ചിരിയോടെ മാറി നിന്ന് നിരീക്ഷിക്കുകയായിരുന്നു. ഇത്തരം അവസരങ്ങളെ താൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് അവൻ പറഞ്ഞു. "ഇത് ഇനി എന്റെ കുടുംബമാണ്. ഇതാണെന്റെ സമൂഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഒരിടം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇവിടെയാണ് എനിക്ക് സ്വന്തമായ ഇടം. "

ചെറുപ്പത്തിൽ ബാരി  മാനസികവും ശാരീരികവുമായി ക്രൂരമായ പീഡനം സഹിച്ചു; ജീവിതത്തിൽ സന്തോഷം നഷ്ടപ്പെട്ടു. എന്നാൽ അവന്റെ സ്ഥലത്തെ സഭ അവനെ യേശുവുമായുള്ള ബന്ധത്തിലേക്ക് നടത്തി. അവരുടെ കലർപ്പില്ലാത്ത സന്തോഷവും ഐക്യവും കണ്ട് അവൻ ക്രിസ്തുവിനെ അനുകരിക്കുവാനും, സ്നേഹവും അംഗീകാരവും അനുഭവിക്കുവാനും തുടങ്ങി.

സങ്കീർത്തനങ്ങൾ 133-ൽ, ദൈവജനത്തിന്റെ "ശുഭവും മനോഹരവുമായ" ഐക്യത്തിന്റെ ദൂരവ്യാപകമായ സത്ഫലങ്ങൾ വിവരിക്കുവാൻ, ദാവീദ് രാജാവ് ശക്തമായ പ്രതീകങ്ങൾ ഉപയോഗിക്കുന്നു. അമൂല്യ തൈലം കൊണ്ട് ഒരാളെ അഭിഷേകം ചെയ്തിട്ട് ആ തൈലം വസ്ത്രാഗ്രങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നതുപോലെ (വാ.2 ) ആണെന്ന് താൻ പറഞ്ഞിരിക്കുന്നു. ഇങ്ങനെ അഭിഷേകം ചെയ്യുന്നത് പുരാതന കാലത്ത് പതിവായിരുന്നു; പ്രത്യേകിച്ചും ഒരാളെ ഭവനത്തിലേക്ക് സ്വീകരിക്കുമ്പോൾ. ദാവീദ്, ഈ ഐക്യത്തെ വീണ്ടും, പർവ്വതത്തിൽ പെയ്ത് ജീവനും സമൃദ്ധിയും ഉളവാക്കുന്ന മഞ്ഞിനോടും ഉപമിക്കുന്നു (വാ. 3) .

തൈലം ഒരു മുറിയിൽ സുഗന്ധം പരത്തുകയും മഞ്ഞ് വരണ്ട പ്രദേശത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഏകാന്തത അനുഭവിക്കുന്നവർക്ക് സ്വീകരണം നല്കുന്നതുപോലെ, ഐക്യവും നല്ലതും ആനന്ദദായകവുമാണ്. നമ്മിലൂടെ നന്മ ഉണ്ടാകുവാനായി ക്രിസ്തുവിൽ ഒരുമിച്ചായിരിക്കാൻ നമുക്ക് പരിശ്രമിക്കാം.

പരിശോധനകൾക്കുള്ള കൃപ

ശ്രീദേവി, കുട്ടിയായിരിക്കുമ്പോൾ മുതൽ കഴുത്തിനു താഴേയ്ക്ക് ശരീരം തളർന്ന അവസ്ഥയിലായിരുന്നു. മുറ്റ് കുട്ടികൾ വെളിയിൽ കളിക്കുമ്പോൾ, അവൾ തന്റെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ, പ്രത്യേകിച്ച് അവളുടെ പിതാവിനെ, വളരെയധികം ആശ്രയിച്ചു. അവളുടെ ഗ്രാമത്തിൽ യാദൃത്ഥികമായി പ്രദർശിപ്പിക്കപ്പെട്ട ക്രിസ്തീയ ചലച്ചിത്രം “കരുണാമൂർത്തി’’ അവളുടെ ജീവിതത്തെ സ്പർശിച്ചു, അവൾ തന്റെ ഹൃദയം ക്രിസ്തുവിൽ സമർപ്പിച്ചു. പിന്നീട് അവളുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും പ്രോത്സാഹനത്തിന്റെ അംബാസഡറായി അവൾ മാറി.

കഷ്ടതകൾ കൂടെക്കൂടെ സംഭവിക്കാറുണ്ടെന്ന് അനുഭവത്തിൽ നിന്ന് അവൾക്കറിയാമായിരുന്നു, പക്ഷേ ദൈവം ഒരിക്കലും താൻ സ്‌നേഹിക്കുന്നവരെ ഉപേക്ഷിക്കുകയില്ല. നിരുത്സാഹത്തോടെ അവളുടെ അടുക്കൽ വന്ന എല്ലാവരോടും അവൾ ക്രിസ്തുവിന്റെ സ്‌നേഹം പങ്കിട്ടു. അവളുടെ ഓട്ടത്തിന്റെ അവസാനത്തിൽ, അവൾ 180-ലധികം ആളുകളെ കർത്താവിലേക്കു നയിച്ചു, അവൾ സ്പർശിച്ച പലരും മിഷനറിമാരും ശുശ്രൂഷകരും ആയിത്തീർന്നു.

മോശെയും കഷ്ടതകളും കലഹങ്ങളും നേരിട്ടു എങ്കിലും, ദൈവത്തിന്റെ സാന്നിധ്യം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു. അവൻ യിസ്രായേല്യരുടെ നേതൃത്വം യോശുവയ്ക്കു കൈമാറിയപ്പോൾ, ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കാൻ ആ യുവാവിനോടവൻ പറഞ്ഞു, കാരണം “നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു’’ (ആവർത്തനം 31:6). യിസ്രായേൽമക്കൾ വാഗ്ദത്തദേശത്തു പ്രവേശിച്ച് അതിനെ കീഴടക്കുമ്പോൾ ഭയാനകമായ ശത്രുക്കളെ നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്ന മോശെ, യോശുവയോടു പറഞ്ഞു, “നീ പേടിക്കരുതു, ഭ്രമിക്കയുമരുതു’’ (വാ. 8).

 വീണുപോയ ലോകത്തിൽ ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് പ്രയാസങ്ങളും കലഹങ്ങളും നേരിടേണ്ടിവരും, എന്നാൽ നമ്മെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മോടൊപ്പം ദൈവത്തിന്റെ ആത്മാവുണ്ട്. അവൻ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല.

പരിജ്ഞാനവും വിവേകവും

1373-ൽ 30 വയസ്സുള്ളപ്പോൾ നോർവിച്ചിലെ ജൂലിയന് മരണകരമായ രോഗം പിടിപെട്ടു. സഭാശുശ്രൂക്ഷകൻ അവൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവൾ നിരവധി ദർശനങ്ങൾ കണ്ടു; അതിൽ ക്രൂശിനായ ക്രിസ്തുവിനെ ദർശിച്ചത് അവൾ പ്രത്യേകം ഓർത്തു. അത്ഭുതകരമായി രോഗസൗഖ്യം പ്രാപിച്ച അവൾ പിന്നീടുള്ള 20 വർഷക്കാലം പള്ളിയുടെ ഒരു ചെറിയ മുറിയിൽ ഈ ദർശനം ഓർത്ത് പ്രാർത്ഥിച്ചുകൊണ്ട് ഏകാന്തതയിൽ കഴിഞ്ഞു. അവൾ പറഞ്ഞത് "സ്നേഹം മാത്രമായിരുന്നു അവന്റെ ഉദ്ദേശ്യം" എന്നാണ്. അതായത്, ക്രിസ്തുവിന്റെ ക്രൂശുമരണം ദൈവസ്നേഹത്തിന്റെ ഉത്തുംഗമായ പ്രദർശനമായിരുന്നു എന്ന്.

ജൂലിയന്റെ വെളിപ്പാടുകൾ പ്രസിദ്ധമാണ്. എന്നാൽ ദൈവം ഈ കാര്യങ്ങൾ അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പിന്നിൽ അവൾ പ്രാർത്ഥനാപൂർവം ചെലവിട്ട സമയവും അദ്ധ്വാനവും പക്ഷേ ആളുകൾ കാണുന്നില്ല. ഈ രണ്ട് ദശാബ്ദങ്ങളിലും കർത്താവിന്റെ സാന്നിദ്ധ്യത്തിന്റെ അനുഭവം വ്യക്തമായി ഗ്രഹിക്കുന്നതിനുള്ള ദൈവികജ്ഞാനവും സഹായവും തേടുകയായിരുന്നു അവൾ. 

ജൂലിയനോട് ചെയ്തത് പോലെ ദൈവം തന്റെ ജനത്തിനും തന്നെത്തന്നെ വെളിപ്പെടുത്താൻ കൃപ ചെയ്യുന്നു; അത് ബൈബിളിലെ വചനങ്ങളിലൂടെയാകാം, തന്റെ മന്ദസ്വരത്തിലൂടെയാകാം, ഒരു പാട്ടിലൂടെയാകാം, അല്ലെങ്കിൽ തന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു അവബോധം നല്കിക്കൊണ്ടുമാകാം. അങ്ങനെ നമുക്ക് ദൈവത്തിന്റെ ജ്ഞാനവും സഹായവും പ്രാപിക്കാനാകും. ഈ ജ്ഞാനമാണ് ശലേമോൻ തന്റെ മകനോട് പ്രാപിക്കുവാൻ പറഞ്ഞത്; ചെവി പരിജ്ഞാനത്തിനും ഹൃദയം വിവേകത്തിനും തിരിക്കുക എന്ന് ആഹ്വാനം ചെയ്തത് (സദൃശ്യവാക്യങ്ങൾ 2:2). അപ്പോൾ അവൻ "ദൈവപരിജ്ഞാനം കണ്ടെത്തും" (വാ. 5).

ദൈവം നമുക്ക് വിവേചന ബുദ്ധിയും വിവേകവും നല്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ വഴികളെയും സ്വഭാവത്തെയും കുറിച്ചുള്ള അറിവ് കൂടുതലായി പ്രാപിക്കുന്തോറും നമുക്ക് ദൈവത്തെ ആഴമായി അറിഞ്ഞ് ആദരിക്കുവാൻ സാധിക്കും.

ഉദാരമായ ദാനം

എനിക്ക് പലപ്പോഴും ആത്മീയധ്യാനങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും കുറച്ച് ദിവസം തിരക്കുകളിൽ നിന്നും മാറിനിൽക്കുന്നത് വളരെ പ്രയോജനപ്രദമാണ്. പ്രോഗ്രാമിനിടെ ഞാൻ ചിലപ്പോൾ പങ്കെടുക്കുന്നവരോട് ഒരു കാര്യം ചെയ്യുവാൻ ആവശ്യപ്പെടാറുണ്ട്: “നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നും നിങ്ങളുടെ മരണവാർത്ത പേപ്പറിൽ പ്രസിദ്ധീകരിക്കുന്നതും സങ്കൽപ്പിക്കുക. ആ ചരമക്കുറിപ്പ് എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” പങ്കെടുക്കുന്ന ചിലർ, തങ്ങളുടെ ജീവിതം നന്നായി പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ട് അവരുടെ ജീവിതത്തിന്റെ മുൻഗണനകൾ മാറ്റുവാൻ ഇടയായിട്ടുണ്ട്.
2 തിമൊഥെയൊസ് 4-ൽ, അപ്പോസ്തലനായ പൗലോസിന്റെ, അവസാനമായി എഴുതപ്പെട്ട വാക്കുകൾ അടങ്ങിയിരിക്കുന്നു. മിക്കവാറും അറുപതുകളിൽ മാത്രമായിരുന്നിട്ടും, മുമ്പ് താൻ മരണത്തെ അഭിമുഖകരിച്ചിട്ടുണ്ടങ്കിലും, ഇപ്പോൾ തന്റെ ജീവിതം ഏതാണ്ട് അവസാനിച്ചതായി അദ്ദേഹത്തിന് തോന്നി (2 തിമോ. 4: 6). ഇനി മിഷനറി യാത്രകളോ സഭകൾക്ക് ലേഖനങ്ങൾ എഴുതലോ ഉണ്ടാകില്ല. അവൻ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, "ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു" (വ. 7). തികഞ്ഞവനല്ലെങ്കിലും (1 തിമൊ. 1: 15-16), ദൈവത്തോടും സുവിശേഷത്തോടും എത്രത്തോളം സത്യസന്ധത പുലർത്തിയെന്ന് പൗലോസ് തന്റെ ജീവിതത്തെ വിലയിരുത്തുന്നു. പാരമ്പര്യം സൂചിപ്പിക്കുന്നത്, താമസിയാതെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നാണ്.
ഇപ്പോൾ എന്താണ് ഏറ്റവും പ്രധാനമെന്ന് ഗ്രഹിക്കുവാൻ, നമ്മുടെ അന്ത്യനാളുകളെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. പൗലോസിന്റെ വാക്കുകൾ നമുക്ക് പിന്തുടരാനുള്ള മാതൃക കാണിച്ചു തരുന്നു:നല്ല പോരാട്ടം പൊരുതുക, ഓട്ടം തികക്കുക, വിശ്വാസം കാത്തുസൂക്ഷിക്കുക. കാരണം, അവസാനം വരെ നാം ദൈവത്തോടും അവന്റെ വഴികളോടും വിശ്വസ്തരായിരിക്കുക എന്നതിലാണ് കാര്യം. അതിനായി നമുക്ക് ജീവിക്കുവാൻ ആവശ്യമായിട്ടുള്ളതു അവൻ നൽകുന്നു; ആത്മീയ പോരാട്ടങ്ങളിൽ നമ്മെ നയിക്കുകയും അവ നന്നായി പൂർത്തിയാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

പശ്ചാത്താപത്തിന്റെ സമ്മാനം

"ഇല്ല! ഞാൻ അത് ചെയ്തില്ല! " വിങ്ങുന്ന ഹൃദയത്തോടെ ജെയ്ൻ തന്റെ കൗമാരക്കാരനായ മകന്റെ നിഷേധം കേട്ടു, അവൻ സത്യം പറയുന്നില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് സൈമണിനോട് വീണ്ടും ചോദിക്കുന്നതിനുമുമ്പ് അവൾ ദൈവത്തോട് സഹായം ചോദിച്ചുകൊണ്ട് മനസ്സിൽ പ്രാർത്ഥിച്ചു. അവൻ നുണ പറയുകയാണെന്നുള്ളതു അവൻ നിരസിച്ചുകൊണ്ടിരുന്നു, അവസാനം അവൾ അസ്വസ്ഥതയോടെ കൈകൾ ഉയർത്തി. അവൾക്ക് ഒരു സമയം ആവശ്യമാണെന്നു പറഞ്ഞ് അവൾ പുറത്തേക്ക് നടക്കുവാൻ തുടങ്ങി. അപ്പോൾ അവളുടെ തോളിൽ ഒരു കൈ അനുഭവപ്പെടുകയും അവന്റെ ക്ഷമാപണം കേൾക്കുകയും ചെയ്തപ്പോൾ, അവൾക്ക് മനസ്സിലായി പരിശുദ്ധാത്മാവിന്റെ കുറ്റപ്പെടുത്തലിനോട് അവൻ പ്രതികരിച്ചു; അവൻ പശ്ചാത്തപിച്ചു എന്ന്.
പഴയനിയമത്തിൽ യോവേലിന്റെപുസ്തകത്തിൽ, ദൈവം തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് യഥാർത്ഥ മാനസാന്തരത്തിലേക്ക് ക്ഷണിച്ചു, ഇപ്പോഴെങ്കിലും അവർ പൂർണ്ണഹൃദയത്തോടെ അവനിലേക്ക് മടങ്ങാൻ അവൻ ആഹ്വാനം ചെയ്തു (2:12). അനുതാപത്തിന്റെ ബാഹ്യപ്രവൃത്തികളല്ല, മറിച്ച് അവരുടെ കഠിനമായ മനോഭാവത്തെ മയപ്പെടുത്തുവാൻ അവൻ അരുളിച്ചെയ്തു: "നിങ്ങളുടെ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെത്തന്നെ കീറുക," ദൈവം "കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ" എന്ന് യോവേൽ ഇസ്രായേല്യരെ ഓർമ്മിപ്പിച്ചു (വാ. 13).
തെറ്റ് ഏറ്റുപറയുന്നത് അത്ര എളുപ്പമല്ല. കാരണം നമ്മുടെ പാപങ്ങൾ സമ്മതിക്കുവാൻ നമ്മുടെ അഹങ്കാരം നമ്മെ അനുവദിക്കുന്നില്ല. ഒരുപക്ഷേ നമ്മൾ സത്യം മറച്ചുവെച്ച്, അത് "ഒരു ചെറിയ വെളുത്ത നുണ" മാത്രമാണെന്ന് പറഞ്ഞ് നമ്മൾ നമ്മുടെ പ്രവർത്തികളെ ന്യായീകരിക്കുന്നു. എന്നാൽ, മാനസാന്തരപ്പെടാൻ പ്രേരിപ്പിക്കുന്ന ദൈവത്തിന്റെ സൗമ്യവും ഉറച്ചതും ആയ സ്വരം നാം ചെവിക്കൊണ്ടാൽ, അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കും . (1 യോഹ. 1: 9). നമുടെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നതിന്നാൽ നമുക്ക് ഇപ്പോൾ കുറ്റബോധത്തിന്റെയും ലജ്ജയുടെയും ആവശ്യമില്ല.

വരിക, ആരാധിക്കുക

പല പ്രായത്തിലുള്ളവർ ഒരുമിച്ച് ചേർന്ന് ആ ആരാധനാ യോഗത്തിൽ സ്തുതിഗീതങ്ങൾ ആലപിച്ചപ്പോൾ അത് അനേകർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമായി. ക്ഷീണിച്ച ഒരു അമ്മയൊഴികെ. അവൾ തന്റെ കയ്യിലിരുന്ന കുഞ്ഞിനെ കരയാതെ കുലുക്കുന്നതോടൊപ്പം, നടക്കാൻ തുടങ്ങിയ കുഞ്ഞ് ഓടിപ്പോകാതെ പിടിക്കുകയും തൻ്റെ അഞ്ചു വയസ്സുകാരിക്ക് പാട്ട് പുസ്തകം പിടിച്ചു കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. അവൾ ആകെ തളർന്നു പോയി. അവളുടെ പിന്നിലിരുന്ന പ്രായമുള്ള ഒരു മനുഷ്യൻ നടന്നു തുടങ്ങിയ കുഞ്ഞിനെ പള്ളിയുടെ ചുറ്റും നടത്താം എന്ന് പറഞ്ഞ് കൊണ്ടുപോയി. ഒരു ചെറുപ്പക്കാരി മൂത്ത കുഞ്ഞിന് പാട്ടുപുസ്തകം പിടിച്ചു കൊടുത്തു. രണ്ടു മിനിറ്റു കൊണ്ട് ആ അമ്മയുടെ സ്ഥിതി മാറി; അവൾ ദീർഘശ്വാസം വിട്ടു, കണ്ണുകളടച്ചു, ദൈവത്തെ ആരാധിച്ചു.

തന്റെ എല്ലാ ജനവും-പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും ചെറുപ്പക്കാരും, പഴയ വിശ്വാസികളും പുതുതായി വന്നവരും-എല്ലായ്പ്പോഴും തന്നെ ആരാധിക്കണമെന്ന് ദൈവം ഉദ്ദേശിക്കുന്നു. വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ് മോശെ ഇസ്രായേൽ ഗോത്രങ്ങളെ അനുഗ്രഹിച്ചു, “പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ട് പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിനും..” (ആവർത്തനം 31:12) എല്ലാവരോടും ഒരുമിച്ചു കൂടുവാൻ ആവശ്യപ്പെട്ടു. നമ്മുടെ ജീവിത സാഹചര്യം എന്തായാലും ദൈവജനം എല്ലാവരും ഒരുമിച്ച് കൂടി ആരാധിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന കാര്യമാണ്.

ആ രാവിലെ, പള്ളിയിൽ, ആ അമ്മയും പ്രായമുള്ള ആ മനുഷ്യനും, ആ ചെറുപ്പക്കാരിയും എല്ലാം, നൽകുന്നതിലൂടെയും സ്വീകരിക്കുന്നതിലൂടെയും, ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയായിരുന്നു. ഒരുപക്ഷേ, അടുത്ത തവണ നിങ്ങൾ സഭായോഗത്തിലായിരിക്കുമ്പോൾ ഒരു സഹായം ചെയ്യുന്നതിലൂടെ ദൈവ സ്നേഹം പ്രകടപ്പിക്കുവാനോ കൃപയുടെ ഒരു പ്രകടനം അനുഭവിക്കാനോ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.

​​ദൈവത്തിന്റെ നയതന്ത്രകാര്യാലയം

എൺപത്തിരണ്ട് വയസ്സുള്ള വിധവയായ ലുഡ്മില്ല, ചെക്ക് റിപ്പബ്ലിക്കിലെ തന്റെ വീടിനെ "സ്വർഗ്ഗരാജ്യത്തിന്റെ നയതന്ത്രകാര്യാലയം" എന്ന് പ്രഖ്യാപിച്ചു, "എന്റെ ഭവനം ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഒരു വിപുലീകരണമാണ്.'' സ്നേഹമുള്ള ആതിഥ്യമര്യാദയോടെ, വേദനിക്കുകയും ആവശ്യത്തിലിരിക്കുകയും ചെയ്യുന്ന അപരിചിതരേയും സുഹൃത്തുക്കളേയും അവർ സ്വാഗതം ചെയ്യുന്നു, ചിലപ്പോൾ ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുന്നു. എപ്പോഴും അനുകമ്പയും പ്രാർത്ഥനയും നിറഞ്ഞ മനോഭാവത്തോടെ താൻ അതു ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ ആശ്രയിച്ചു കൊണ്ട്,തന്റെ സന്ദർശകരെ പരിപാലിക്കാനുള്ള സഹായത്തിനായി, ദൈവം തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന വിധങ്ങളിൽ അവർ സന്തോഷിക്കുന്നു.

യേശുവിനെ ഒരു ശബ്ബത്തിൽ, വീട്ടിൽ ക്ഷണിച്ച പ്രമുഖ മതനേതാവിന് വിപരീതമായി, ലുഡ്മില്ല തന്റെ ഭവനവും ഹൃദയവും തുറന്ന് യേശുവിനെ സേവിക്കുന്നു. യേശു ഈ ന്യായശാസ്ത്രിയോട് "ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ'' തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യണമെന്ന് പറഞ്ഞു - തനിക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയുന്നവരെയല്ല (ലൂക്കൊസ് 14:13). പരീശൻ തന്റെ ഗർവ്വത്താൽ യേശുവിന് ആതിഥ്യം വഹിച്ചു എന്ന് യേശുവിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുമ്പോൾ (വാ.12), ലുഡ്മില്ല, തനിക്ക് "ദൈവസ്നേഹത്തിന്റെയും അവന്റെ ജ്ഞാനത്തിന്റെയും ഉപകരണമാകാൻ" സാധിക്കുന്നതിന് ആളുകളെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു.

ലുഡ്മില്ല പറയുന്നതുപോലെ, മറ്റുള്ളവരെ താഴ്മയോടെ ശുശ്രൂഷിക്കുന്നത് നമുക്ക് "സ്വർഗ്ഗരാജ്യത്തിന്റെ പ്രതിനിധികൾ'' ആകാനുള്ള ഒരു മാർഗ്ഗമാണ്. അപരിചിതർക്ക് ഒരു കിടക്ക നൽകാൻ നമുക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, വ്യത്യസ്തവും സർഗാത്മകവുമായ രീതിയിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നമുക്ക് നമ്മുടെ ആവശ്യങ്ങളേക്കാൾമുൻപിൽ വയ്ക്കാം. ഇന്ന് നമ്മുടെ ലോകത്ത്‌ ദൈവരാജ്യം എങ്ങനെ വ്യാപിപ്പിക്കാം എന്നു ചീന്തിക്കുക.

എളിമയുള്ള ഒരു ഭാവം

"കൈകൾ  പുറകിൽ കെട്ടുക. അപ്പോൾ എല്ലാം ശരിയാകും." ഒരു ഗ്രൂപ്പിനോട് സംസാരിക്കുവാൻ തുടങ്ങുന്നതിനുമുമ്പ് ജാന്റെ ഭർത്താവ് അവൾക്ക് എപ്പോഴും നൽകുന്ന സ്നേഹപൂർണ്ണമായ ഉപദേശമാണിത്. ആളുകളിൽമതിപ്പുളവാക്കുന്നതിനും ഒരു സാഹചര്യം നിയന്ത്രിക്കേണ്ടിവരുമ്പോഴുംഒക്കെ, അവൾ ഈരീതിയിൽനിന്നു,കാരണം ഇത് മറ്റുള്ളവരെനന്നായി ശ്രദ്ധിക്കുവാനും ശ്രവിക്കുവാനും സഹായിച്ചു. മറ്റുള്ളവരെ സ്നേഹിക്കുവാനും എളിമയുള്ളവളായിരിക്കുവാനും പരിശുദ്ധാത്മാവിന് അവളെ വിധേയപ്പെടുത്തുവാനുംസ്വയം ഓർമ്മപ്പെടുത്തുവാൻ അവൾ ഇത് ഉപയോഗിച്ചു.

എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന ദാവീദ് രാജാവിന്റെ വീക്ഷണമാണ് എളിമയെക്കുറിച്ചുള്ള ജാനിന്റെ അടിസ്ഥാനം. ദാവീദ് ദൈവത്തോട് പറഞ്ഞു, “നീ എന്റെ കർത്താവാകുന്നു; നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല "(സങ്കീ. 16: 2). ദൈവത്തെ വിശ്വസിക്കുവാനും അവന്റെ ഉപദേശം തേടുവാനും അവൻ പഠിച്ചു: "രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു." (16:7) ദൈവം തന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു താൻ കുലുങ്ങിപ്പോകയില്ലന്ന് അവനറിയാമായിരുന്നു. (16:8). തന്നെ സ്നേഹിക്കുന്ന ശക്തനായ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതിനാൽ സ്വയപ്രശംസഒട്ടുമില്ലായിരുന്നു.

നിരാശ തോന്നുമ്പോൾ നമ്മെ സഹായിക്കുവാനോ വിഷമം തോന്നുമ്പോൾ നമുക്ക് വാക്കുകൾ നൽകുവാനോ നാം എല്ലാ ദിവസവും ദൈവത്തിങ്കലേക്ക് നോക്കിയാൽ, നമ്മുടെ ജീവിതത്തിൽ അവൻ അത്ഭുതം പ്രവർത്തിക്കുന്നത് നമ്മൾ കാണും. ജാൻ പറയുന്നു:“നാം ദൈവവുമായി പങ്കുചേരുമ്പോൾ, അവൻ സഹായിക്കുന്നതിനാൽ, ഏതു കാര്യവും നന്നായി ചെയ്യുവാൻ കഴിയും എന്നു നമുക്ക് മനസ്സിലാകും.”

നമുക്ക് മറ്റുള്ളവരെ സ്നേഹത്തോടെ നോക്കാം,താഴ്മയുടെഭാവമായി കൈകൾ പുറകിൽ കെട്ടി,  എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് ഓർക്കാം.   

വചനവും പുതിയ ഒരു വർഷവും

ഫിലിപ്പീൻസിൽ വളർന്ന സമയം മിഷേലൻ വെല്ലുവിളികൾ നേരിട്ടുവെങ്കിലും അവൾ എപ്പോഴും വാക്കുകളെ സ്നേഹിക്കുകയും അതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു. അങ്ങനെ ഒരിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം വായിച്ചു, അവളുടെ “കല്ലു ഹൃദയം ഇളകി”. അവൾക്ക് ആരോ ഇങ്ങനെ പറയുന്നതായി തോന്നി “അതേ നീ വാക്കുകളെ ഇഷ്ടപ്പെടുന്നു, എന്നാൽ ഊഹിക്കാമോ? ഒരു നിത്യ വചനം ഉണ്ട്, അന്ധകാരത്തെ പിളർക്കുവാൻ കഴിയുന്ന, ഇന്നും എന്നേക്കുമുള്ളത് ജഡശരീരം സ്വീകരിച്ച വചനം. നിന്നെ തിരികെ സ്നേഹിക്കാൻ കഴിയുന്ന വചനം “. 

വായനക്കാരെ ഉല്പത്തിയെ ഓർമ്മിപ്പിക്കുന്ന “ആദിയിൽ…(ഉല്പ.1:1) എന്ന വാക്കുകളോടെ തുടങ്ങുന്ന യോഹന്നാന്റെ സുവിശേഷം അവൾ വായിക്കുകയായിരുന്നു. യേശു കാലത്തിന്റെ ആരംഭത്തിങ്കൽ ദൈവത്തോടൊപ്പം ആയിരുന്നു എന്ന് മാത്രമല്ല ദൈവം ആയിരുന്നു എന്നു കാണിക്കുവാൻ യോഹന്നാൻ ശ്രമിച്ചു (യോഹ. 1:1). ഈ ജീവനുള്ള വചനം മനുഷ്യനായിത്തീർന്നു “നമ്മുടെ ഇടയിൽ പാർത്തു”(വാ. 14). കൂടാതെ അവന്റെ നാമത്തിൽ വിശ്വസിച്ച് അവനെ കൈക്കൊള്ളുന്നവർ അവന്റെ മക്കളായിത്തീരുന്നു (വാ. 12).

മിഷേലൻ ആ ദിവസം ദൈവസ്നേഹം സ്വീകരിച്ച് “ദൈവത്തിൽ നിന്നും ജനിച്ചു” (വാ. 13). തന്റെ കുടുംബത്തിന്റെ ആസക്തികളുടെ ശീലങ്ങളിൽ നിന്നും തന്നെ രക്ഷിച്ചതിനുള്ള മഹത്വം അവൾ ദൈവത്തിനു നൽകുകയും, ഇപ്പോൾ യേശുവിനേക്കുറിച്ചുള്ള സുവാർത്തകൾ എഴുതുകയും ജീവനുള്ള വചനത്തേക്കുറിച്ചുള്ള അവളുടെ വാക്കുകൾ പങ്കിടുന്നതിൽ ആനന്ദിക്കുകയും ചെയ്യുന്നു. 

നാം യേശുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ, നമുക്കും ദൈവത്തിന്റെ സന്ദേശവും അവന്റെ സ്നേഹവും പങ്കു വെക്കാം. നാം 2022 ആരംഭിക്കുമ്പോൾ കൃപ-നിറഞ്ഞ എന്തൊക്കെ വാക്കുകളാണ് ഈ വർഷം സംസാരിക്കുവാൻ നമുക്ക് കഴിയുക?